കോഴിക്കോട്: ആഡംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും, എന്നാൽ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹനം ഒഴിവാക്കിയ അദ്ദേഹം ഔദ്യോഗിക വാഹനത്തിലാണ് വാർത്താസമ്മേളനത്തിന് എത്തിയത്.
സുഹൃത്ത് വാഹനം നൽകിയത് എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചാണെന്ന തരത്തിലുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളി. പകരം എന്തെങ്കിലും ലഭിക്കാതെ ആരും സഹായിക്കില്ല എന്ന് ചിന്തിക്കുന്നത് ചിലരുടെ മാനസികാവസ്ഥയുടെ കുഴപ്പമാണെന്ന് മന്ത്രി വിമർശിച്ചു. യാത്രാനുമതിയുമായി ബന്ധപ്പെട്ടും അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടന്നു. പൊതുമുതലോ ഔദ്യോഗിക പദവികളോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്നതാണ് നാടിന്റെ പൊതുബോധം. എന്നാൽ വ്യക്തിപരമായ സൗകര്യങ്ങൾ സർക്കാരിനോ നാടിനോ വേണ്ടി ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും അദ്ദേഹം വ്യക്തമാക്കി.
റേഞ്ച് റോവറിന് മുന്നിൽ താൻ നിൽക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണെന്നും അദ്ദേഹം ആരോപിച്ചു. ആ ചിത്രത്തിലെ നിൽപ്പ് അഹങ്കാരം നിറഞ്ഞതാണ്. താൻ അത്തരത്തിൽ നിൽക്കുന്ന ഒരു ചിത്രം കോഴിക്കോട്ടെ മാധ്യമപ്രവർത്തകർക്ക് കാണിച്ചുതരാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. യാതൊരു ധാർമ്മികതയുമില്ലാതെയാണ് പലരും ഇത് പ്രചരിപ്പിച്ചത്. അതൊരു വ്യാജ ചിത്രമാണോ എന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്നും കെ.എം. ഷാജി കുറ്റപ്പെടുത്തി.




+ There are no comments
Add yours