പ്രകോപനമായത് ഇൻസ്റ്റഗ്രാം പോസ്റ്റ്; വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയെ കുത്തിയത് കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് പങ്കാളിയുടെ മൊഴി

Estimated read time 0 min read

വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റ സംഭവത്തിൽ പങ്കാളിയായ ജിനീഷിന്റെ മൊഴി പുറത്ത്. കീർത്തന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രതിയുടെ വിശദീകരണം. കഴുത്തിലുൾപ്പെടെ അഞ്ചിടത്ത് കുത്തേറ്റ കീർത്തനയുടെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണ്.

തനിക്കെതിരെ കീർത്തന അപകീർത്തികരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടെന്നും, സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും ജിനീഷ് പൊലീസിനോട് പറഞ്ഞു. ഇതിലുള്ള വൈരാഗ്യത്തെത്തുടർന്ന് കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഒരാഴ്ച മുൻപ് വടകരയിൽ നിന്ന് തന്നെ കത്തി വാങ്ങി അനുകൂല സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ കീർത്തന വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്നാണ് ഒടുവിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയതെന്നും പ്രതി വ്യക്തമാക്കി.

ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന കീർത്തനയെ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജിനീഷ് പിന്നിലൂടെയെത്തി കുത്തിവീഴ്ത്തിയത്. ആക്രമണം നടന്നയുടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, എം.ഡി.എം.എ കേസിലെ നാലാം പ്രതി നീഷ്മയ്ക്ക് വടകര എന്‍.ഡി.പി.എസ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.

+ There are no comments

Add yours