ബായാറിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യവകുപ്പിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി കുടുംബം

Estimated read time 1 min read

കാസർഗോഡ്: മഞ്ചേശ്വരത്തെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പതിനഞ്ചുകാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ കുടുംബം നിയമനടപടിയിലേക്ക്. വിഷയത്തിൽ തങ്ങളെ കുറ്റക്കാരാക്കാനാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കുടുംബം ബാലാവകാശ കമ്മീഷനും ആരോഗ്യമന്ത്രിക്കും പരാതി നൽകും.

കാലിലെ മുറിവിനും പനിക്കും ചികിത്സ തേടിയ അഹമ്മദ് റിഫാസ് എന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞ 16-നാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് നൽകിയത്. വീട്ടിലെത്തിയ ശേഷം റിഫാസിന്റെ സഹോദരി പരിശോധിച്ചപ്പോഴാണ് ഗുളികയുടെ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്.

എന്നാൽ ഈ ആരോപണം ആരോഗ്യവകുപ്പ് നിഷേധിച്ചു. ഗുളികയിലെ ബാച്ച് നമ്പർ പരിശോധിച്ചതിൽ അത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും, ആശുപത്രിക്കും ജീവനക്കാർക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്ന പേരിൽ സൈബർ ആക്രമണങ്ങൾ നേരിടുകയാണെന്നും കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിക്കുന്നത്.

+ There are no comments

Add yours