‘അവൻ ഭക്തനല്ല, കാശിക്ക് പോകുമെന്ന് എഴുതിയത് മറ്റാരുടെയെങ്കിലും പ്രേരണയിലാകാം’; ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തേടി കുടുംബം

Estimated read time 0 min read

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകും. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയിൽ വെച്ചാണ് നിവേദനം കൈമാറുന്നത്. പതിനേഴുകാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസം പിന്നിടുകയാണ്.

കുട്ടിക്ക് തീരെ ഭക്തിയില്ലെന്നും, കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതിയത് മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാകാമെന്നും ബന്ധുവായ ബബിജ ആരോപിച്ചു. ഒരു സി.സി.ടി.വി ദൃശ്യത്തിൽ പോലും കുട്ടിയെ കണ്ടെത്താനാകാത്തത് ദുരൂഹമാണ്. ആരെങ്കിലും അവനെ കടത്തിക്കൊണ്ടുപോയതാകാമെന്നും അവർ സംശയം പ്രകടിപ്പിച്ചു. അധികം സുഹൃത്തുക്കളില്ലാത്ത, പഠനത്തിൽ വളരെ മിടുക്കനായ കുട്ടിയായിരുന്നു ശിവസൂര്യ. കുടുംബത്തെ ഒരു നിലയിലാക്കിയിട്ട് തനിക്ക് കാശിക്ക് പോകണമെന്ന് അച്ഛൻ വീട്ടിൽ സാധാരണയായി പറയാറുള്ളത് കേട്ടാകാം കുട്ടി ഇത്തരമൊരു കുറിപ്പ് എഴുതിയതെന്നും ബന്ധുക്കൾ പറയുന്നു.

മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ച് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം വാരണാസിയിലെത്തി ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ മടങ്ങുകയായിരുന്നു.

+ There are no comments

Add yours