ഇന്ന് ലോക വിനോദസഞ്ചാര ദിനം. ‘ടൂറിസത്തിന്റെ പുനർരൂപകൽപ്പനയ്ക്ക് ഡിജിറ്റൽ അജണ്ടയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) നേതൃത്വത്തിൽ 1980 മുതലാണ് ഈ ദിനം ആചരിച്ചുവരുന്നത്. കേവലം ഉല്ലാസയാത്രകൾ എന്നതിലുപരിയായി സാമ്പത്തിക വളർച്ചയ്ക്കും സാംസ്‌കാരിക വിനിമയത്തിനും ഊർജ്ജം പകരുന്ന പ്രധാന ഘടകമായാണ് വിനോദസഞ്ചാര മേഖലയെ ലോകം ഇന്ന് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. 10.2 കോടി സഞ്ചാരികളെത്തിയ ഫ്രാൻസാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് പ്രകാരം 119 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 39-ാം സ്ഥാനത്താണ്. താജ്മഹൽ, വാരണാസി, ജയ്പൂർ, ഗോവ, ഹിമാലയൻ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ലേ-ലഡാക്ക് എന്നിവയ്ക്കൊപ്പം കേരളവുമാണ് ഇന്ത്യയിൽ വിദേശികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാന ഇടങ്ങൾ.
ആഗോള ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സാന്നിധ്യവും ശക്തമാണ്. കഴിഞ്ഞ വർഷം കോടിക്കണക്കിന് വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. സംസ്ഥാനത്തിന് ടൂറിസം മേഖലയിൽ നിന്ന് മാത്രം 50,702 കോടി രൂപയുടെ റെക്കോർഡ് വരുമാനം ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.




+ There are no comments
Add yours