കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ തേവരയിലുള്ള ഓഫീസിലും പച്ചാളത്തെ വീടുകളിലുമാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. പിടിച്ചെടുത്തവയിൽ എഴുന്നൂറിലധികം യു.എസ് ഡോളറുമുണ്ട്.
പ്രജനി രാജൻ രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃതമായി സമ്പാദിച്ചെന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കീഴുദ്യോഗസ്ഥർ കണ്ടെത്തുന്ന നികുതിവെട്ടിപ്പ് കേസുകളിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടേണ്ടതും റിപ്പോർട്ട് നൽകേണ്ടതും ജോയിന്റ് കമ്മിഷണറാണ്. എന്നാൽ ഈ അധികാരം ദുരുപയോഗം ചെയ്ത്, നികുതി വെട്ടിപ്പുകാരിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റി കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതി.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണവും വിദേശ കറൻസിയും കണ്ടെത്തിയത്. നിലവിൽ പരിശോധന പൂർത്തിയായെങ്കിലും, കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം.




+ There are no comments
Add yours