പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 130 വർഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി. ഒരുമനയൂർ മൂത്തമാവ് മാങ്ങാടി വീട്ടിൽ സജീവ (56)നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം 35 മാസം കൂടി അധിക തടവ് അനുഭവിക്കണം.
2023 ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇയാൾ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകി. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. സെസിൽ ക്രിസ്റ്റ്യൻ രാജ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്പെക്‌ടർ വിവിൻ കെ. വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇതുകൂടാതെ പ്രതിക്കെതിരെ വേറെ രണ്ടു പോക്സോ കേസുകളും സ്റ്റേഷനിൽ നിലവിലുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. നിഷ സി. ഹാജരായി. സി.പി.ഒ മാരായ സിന്ധു, പ്രസീത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.


+ There are no comments
Add yours