കണ്ണൂർ: മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരെയാണ് വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ കണ്ടത് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ്
രാവിലെ ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ ക്ഷേത്രദർശനത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും ദേഹമാസകലം ആഴത്തിൽ വെട്ടേറ്റതിന്റെ മുറിവുകളുണ്ടായിരുന്നു.
കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സംശയം
സംഭവസമയത്ത് പുറത്തുനിന്ന് മറ്റാരും വീടിനകത്ത് പ്രവേശിച്ചതിന്റെ സൂചനകളോ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. അമ്മയും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ, നവീൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോലീസ് ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്.
തില്ലങ്കേരി സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസാണ് മരിച്ച ജ്യോതി. ഭർത്താവ് ജയകൃഷ്ണൻ കെ.എസ്.ഇ.ബിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. മരിച്ച നവീൻ കൃഷ്ണൻ വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷകൾക്കായുള്ള പരിശീലനം നടത്തിവരികയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.




+ There are no comments
Add yours