വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്; മുഖ്യപ്രതി ധനേഷ് നായർക്ക് കർണാടകയിൽ 6 ഏക്കർ വാഴത്തോട്ടം, ഇടപാട് നൈജീരിയക്കാരുമായി

Estimated read time 0 min read

എറണാകുളം: ബെംഗളൂരുവിൽ നിന്നും വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തിയിരുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായരാണ് പൊലീസിന്റെ പിടിയിലായത്. 2023 മുതലാണ് ഇയാൾ ഇത്തരത്തിൽ അതിവിദഗ്ധമായി എം.ഡി.എം.എ കടത്ത് ആരംഭിച്ചത്.

കർണാടകയിൽ വാഴത്തോട്ടം; ലഹരി നൽകുന്നത് നൈജീരിയക്കാർ

കർണാടകയിൽ സ്വന്തമായി ആറേക്കർ വാഴത്തോട്ടമുള്ള ധനേഷ് ഇതിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. നൈജീരിയക്കാരിൽ നിന്നാണ് തനിക്ക് എം.ഡി.എം.എ ലഭിക്കുന്നതെന്നാണ് ഇയാൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കിലോ കണക്കിന് എം.ഡി.എം.എ ബെംഗളൂരുവിൽ ശേഖരിച്ച ശേഷം, ഇത് കൊച്ചിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. സ്വന്തമായും, മറ്റുള്ളവരെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ക്യാരിയർമാരാക്കിയുമാണ് ഇയാൾ ലഹരി നാട്ടിലെത്തിച്ചിരുന്നത്.

കുടുങ്ങിയത് ഫോണിലെ ദൃശ്യങ്ങളിലൂടെ

ആലുവയിൽ 185 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹരികൃഷ്ണൻ എന്നയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ധനേഷിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് പൊതിഞ്ഞ് ഒളിപ്പിക്കുന്നതിന്റെ വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ ഫോണിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. തുടർന്ന് ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എം.ഡി.എം.എയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൂട്ടാളികൾ ഒളിവിൽ; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

കേരളത്തിലേക്കുള്ള ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെ പിടികൂടിയതോടെ, ഈ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പലരും ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വൻതോതിലുള്ള ലഹരിക്കച്ചവടം നടന്നതായി വ്യക്തമായ സാഹചര്യത്തിൽ, പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

+ There are no comments

Add yours