ദുബായ്: കഴിഞ്ഞ ദിവസം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള വിവിധ യു.എ.ഇ എമിറേറ്റുകളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധന ഗന്ധത്തിന് കാരണം ഉമ്മുൽ ഖുവെയ്ൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് യു.എ.ഇ കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇന്ധന ടാങ്കറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് കടലിൽ വൻതോതിൽ എണ്ണ കലർന്നതാണ് ഈ ഗന്ധത്തിന് കാരണമായത്.
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവെയ്ൻ എന്നിവിടങ്ങളിലെ താമസക്കാരാണ് മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സമാനമായ ഗന്ധം അനുഭവപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഷാർജ പോലീസ് ഇതിന്റെ കാരണം അന്വേഷിച്ചുവരുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. ചോർന്നൊലിച്ച ഇന്ധനം കാറ്റിലൂടെ വ്യാപിച്ചതാണ് വിവിധ എമിറേറ്റുകളിൽ ഒരേസമയം ഗന്ധമെത്താൻ കാരണമായത്.
കടലിൽ എണ്ണ വ്യാപിച്ചതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ഉമ്മുൽ ഖുവെയ്നിലെ മുഴുവൻ ബീച്ചുകളും അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടി. ഈ മേഖലയിൽ മത്സ്യബന്ധനത്തിനും പൂർണ്ണവിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണം. സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം മുഖവിലയ്ക്കെടുക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




+ There are no comments
Add yours