തിരുവനന്തപുരം: ലോക് ഭവനിൽ സസ്യാഹാര നിബന്ധന ഏർപ്പെടുത്താനുള്ള പുതിയ ഗവർണർ ഓം പ്രകാശ് മാഥുറിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പൗരന്മാർ എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിനെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും, കേരളം ഇത്തരം നീക്കങ്ങളുടെ പരീക്ഷണശാലയല്ലെന്നും യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജാതിക്കോയ്മയെ ‘പ്യുവർ വെജ്’ (Pure Veg) നിബന്ധനയിലൂടെ വീണ്ടും പ്രതിഷ്ഠിക്കാമെന്ന് ഗവർണർ വ്യാമോഹിക്കേണ്ടെന്ന് ബിനു ചുള്ളിയിൽ പറഞ്ഞു. മത്സ്യവും മാംസവും കഴിക്കുന്നവരെ രണ്ടാം കിട പൗരന്മാരായി കാണുന്ന സമീപനം അംഗീകരിക്കാനാകില്ല. മതേതരത്വവും ജനാധിപത്യ ബോധവും തകർത്ത് ഉത്തരേന്ത്യൻ രാഷ്ട്രീയവും ബ്രാഹ്മണിക്കൽ ചിന്താഗതികളും കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മറ്റൊരാളുടെ പാത്രത്തിലെ ഭക്ഷണമെന്താണെന്ന് പരിശോധിക്കുകയല്ല ഗവർണറുടെ ജോലി. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അവകാശമുണ്ട്. തനിക്ക് താല്പര്യമുള്ള ഭക്ഷണം മാത്രം ഒപ്പമുള്ളവരും കഴിക്കണമെന്ന വാശി കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ മൂല്യങ്ങൾക്കും നവോത്ഥാന പോരാട്ടങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന നാടാണ് കേരളമെന്നും ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ പരാമർശിച്ച് ബിനു ചുള്ളിയിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.




+ There are no comments
Add yours