തിരുവനന്തപുരം: കൂടത്തിൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് മുഖംതിരിച്ച് കാര്യസ്ഥൻ രവീന്ദ്രൻ. ജയമാധവൻ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വിൽപ്പത്രത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ നിസ്സഹകരണം.
കൊലപാതകം നടന്ന് വർഷങ്ങൾക്ക് ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസിൽ അറസ്റ്റിലേക്ക് കടന്നത്. എന്നാൽ, തനിക്ക് പണവും സ്വത്തും നൽകിയ വ്യക്തിയെ താനെന്തിന് കൊലപ്പെടുത്തണമെന്നാണ് ചോദ്യം ചെയ്യലിൽ രവീന്ദ്രൻ ചോദിക്കുന്നത്. തനിക്കെതിരെ പരാതി നൽകിയ അനിൽ ആയിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും ഇയാൾ ആരോപിച്ചു. കേസിലെ നിർണായക തെളിവായ വിൽപ്പത്രം വ്യാജമാണെന്ന് സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതി, അന്വേഷണസംഘത്തിന്റെ മറ്റ് പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയില്ല.
അതിനിടെ, കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി വൻ പോലീസ് സന്നാഹത്തോടെ കൂടത്തിൽ തറവാട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. രവീന്ദ്രൻ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുക.




+ There are no comments
Add yours