‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചകൾ കൊണ്ട് എന്ത് നേട്ടമുണ്ടായി?’; അതിർത്തി വിഷയത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖർഗെ

Estimated read time 1 min read

ന്യൂഡൽഹി: അതിർത്തി സുരക്ഷ, വിദേശനയം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ചൈനയ്ക്ക് ഇതിനോടകം തന്നെ മോദി സർക്കാർ നിരവധി ക്ലീൻ ചിറ്റുകൾ നൽകിക്കഴിഞ്ഞുവെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സത്യങ്ങൾ പ്രധാനമന്ത്രി തുറന്നുപറയണമെന്നും ആവശ്യപ്പെട്ടു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ദേശീയ സുരക്ഷ, സാമ്പത്തിക ആശ്രയത്വം, നയതന്ത്ര ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച മൂന്ന് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്.

അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ പുതിയ തർക്കങ്ങളില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കിടെ, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) ഡയറക്ടർ ജനറൽ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ഡോക്‌ലാമിനും ഗൽവാനും ശേഷം മറ്റൊരു സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണോയെന്നും അദ്ദേഹം ചോദിച്ചു. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളും നയതന്ത്ര ചർച്ചകളും കൊണ്ട് എന്ത് പ്രയോജനമാണുണ്ടായതെന്നും, 2020-ന് മുൻപുള്ള പെട്രോളിംഗ് അവകാശങ്ങൾ ഇന്ത്യയ്ക്ക് പൂർണ്ണമായി പുനഃസ്ഥാപിച്ച് കിട്ടിയോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ സൈന്യത്തിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതിന് പകരം പ്രധാനമന്ത്രി പാർലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിലെ നിർണ്ണായകമായ പല മേഖലകളിലേക്കും സമീപകാലത്ത് തർക്കം വ്യാപിച്ചിട്ടുണ്ടെന്നും, സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ശൗര്യ’ കമാൻഡോകളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നുമായിരുന്നു ഐ.ടി.ബി.പി മേധാവിയുടെ വെളിപ്പെടുത്തൽ. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. പ്രധാനമന്ത്രി ചൈനയ്ക്ക് നൽകിയ ‘ക്ലീൻ ചിറ്റ്’ ആണ് ഇപ്പോഴത്തെ തിരിച്ചടികൾക്ക് കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

+ There are no comments

Add yours