തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും അനധികൃത സ്വത്ത് സമ്പാദനത്തിലുമാണ് അന്വേഷണം നടക്കുക. ദിവ്യയ്ക്കും ഭർത്താവിനും പുറമെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം ഉണ്ടാകും.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ഈ പരാതിയിൽ അന്വേഷണത്തിന് അനുമതി നിഷേധിച്ചിരുന്നു.
ടെൻഡർ നടപടികൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് 11 കോടിയോളം രൂപയുടെ നിർമ്മാണ കരാറുകൾ നൽകിയെന്നാണ് പ്രധാന ആരോപണം. ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കാർട്ടൺ ഇന്ത്യ അലയൻസ് ഡയറക്ടർ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭർത്താവ് അജിത്തും ചേർന്ന് കണ്ണൂർ പാലക്കയം തട്ടിൽ നാലേക്കർ ഭൂമി വാങ്ങിയതിന്റെ രജിസ്ട്രേഷൻ രേഖകളും ഷമ്മാസ് പുറത്തുവിട്ടിരുന്നു. മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ച ദിവ്യയ്ക്ക്, പുതിയ വിജിലൻസ് അന്വേഷണം കനത്ത തിരിച്ചടിയാകുകയാണ്.




+ There are no comments
Add yours