കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ അധികാരമേറ്റു; പ്രതിജ്ഞയെടുത്തത് ഹിന്ദിയിൽ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇരുപത്തിയൊൻപതാമത് ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് പുതിയ ഗവർണർ പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിൽ പങ്കെടുത്തപ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിട്ടുനിന്നു.

ആർ.എസ്.എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച് ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ എത്തിയ മുതിർന്ന നേതാവാണ് ഒ.പി. മാഥുർ. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002-ൽ ഗുജറാത്ത് ബി.ജെ.പിയുടെ ചുമതലയുണ്ടായിരുന്ന മാഥുറിന്, മോദിയുമായുള്ള അടുത്ത ബന്ധം അവിടെനിന്നാണ് തുടങ്ങുന്നത്.

1952-ൽ രാജസ്ഥാനിലെ ബാലിയിലാണ് അദ്ദേഹത്തിന്റെ ജനനം. ജയ്പൂർ രാജസ്ഥാൻ സർവകലാശാലയിലെ ബിരുദ പഠനത്തിന് ശേഷം ഇരുപതാം വയസ്സിൽ ആർ.എസ്.എസ് പ്രചാരകനായി. തുടർന്ന് ഭാരതീയ കിസാൻ സംഘിലൂടെ ബി.ജെ.പിയിലെത്തി. 1975-ലെ അടിയന്തരാവസ്ഥ കാലത്ത് 11 മാസം അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1990 മുതൽ 2002 വരെ രാജസ്ഥാൻ ബി.ജെ.പിയുടെ ഓർഗനൈസേഷൻ സെക്രട്ടറിയായും, തുടർന്ന് 2005-ൽ ദേശീയ സെക്രട്ടറിയായും 2006-ൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008-ൽ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷനായ അദ്ദേഹം പിന്നീട് രാജ്യസഭയിലുമെത്തി.

2015-ലാണ് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാകുന്നത്. 2022 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2024-ൽ സിക്കിം ഗവർണറായി നിയമിതനായിരുന്നു. അവിടെ രണ്ട് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് ഇപ്പോൾ കേരളത്തിന്റെ ചുമതലയേൽക്കുന്നത്. 74-കാരനായ ഓം പ്രകാശ് മാഥുർ അവിവാഹിതനാണ്.

+ There are no comments

Add yours