സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും; ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല

Estimated read time 1 min read

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ വിഷയം പ്രത്യേകമായി ഉന്നയിച്ചെങ്കിലും, നേരത്തെ അപ്പീൽ അനുമതി നിരസിച്ച ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തന്നെ തിങ്കളാഴ്ച കേസിൽ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്ത കാര്യം അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അതിന് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ല. സുപ്രീംകോടതിയുടെ ഇടപെടലും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സമൻസിന് മറുപടി നൽകിയത്. എന്നാൽ സുപ്രീംകോടതിയുടെ സ്റ്റേ വിജിലൻസ് കേസിന് മാത്രമാണ് ബാധകമെന്നും, ഇ.സി.ഐ.ആറിന് (പി.എം.എൽ.എ കേസ്) സ്റ്റേ ഇല്ലാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നുമാണ് ഇ.ഡിയുടെ നിലപാട്. നൽകിയ മറുപടിയും ഹൈക്കോടതി നടപടികളും പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ഇ.ഡി ആലോചിക്കുന്നത്.

+ There are no comments

Add yours