ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ മോട്ടോർ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറങ്ങി. ലേണേഴ്സ് പരീക്ഷയുടെ മാർക്കിലുൾപ്പെടെ സുപ്രധാനമായ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കരട് വിജ്ഞാപനത്തിലെ പ്രധാന മാറ്റങ്ങൾ:
- ലേണേഴ്സ് പരീക്ഷ: ലേണേഴ്സ് പരീക്ഷ പാസാകുന്നതിനുള്ള കുറഞ്ഞ മാർക്ക് നിലവിലെ 60 ശതമാനത്തിൽ നിന്നും 75 ശതമാനമായി ഉയർത്തും.
- ആരോഗ്യ വ്യവസ്ഥകൾ: അപസ്മാരം ഉള്ളവർക്കും അതിനായി മരുന്ന് കഴിക്കുന്നവർക്കും ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. അപേക്ഷകരിൽ നിന്നും കാഴ്ചക്കുറവ്, കേൾവിക്കുറവ് തുടങ്ങിയ ആരോഗ്യവിവരങ്ങൾ ശേഖരിക്കും. എന്നാൽ അപകടം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ.
- വിലാസം തെളിയിക്കുന്ന രേഖകൾ: വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്നും എൽ.ഐ.സി (LIC) പോളിസി ഒഴിവാക്കി. പാസ്‌പോർട്ട്, വോട്ടർ ഐ.ഡി, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവ ലൈസൻസിനായി സമർപ്പിക്കാം.
- സ്മാർട്ട് കാർഡ് ലൈസൻസ്: ലൈസൻസുകൾ ഇനി മുതൽ പി.വി.സി (PVC) കാർഡുകളായോ ലാമിനേറ്റ് ചെയ്ത രൂപത്തിലോ ആയിരിക്കണം നൽകേണ്ടത്.
- വിവരങ്ങൾ തിരുത്താൻ: ലൈസൻസിലെ വിവരങ്ങൾ തിരുത്താനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. പേരും മറ്റ് വിവരങ്ങളും മാറ്റാനുള്ള അപേക്ഷകളിൽ 15 ദിവസത്തിനകവും, വിലാസം മാറ്റാനുള്ള അപേക്ഷയിൽ 30 ദിവസത്തിനകവും ഗതാഗതവകുപ്പ് തീരുമാനമെടുക്കണം. വിലാസം മാറ്റാനുള്ള അപേക്ഷയിൽ 30 ദിവസത്തിനകം അംഗീകരിച്ചതായോ നിരസിച്ചതായോ മറുപടി ലഭിച്ചില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.




+ There are no comments
Add yours