തിരുവനന്തപുരം: എസ്.എം.എ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. വിദഗ്ധ സമിതി പരിശോധിക്കാതെ ഒരു മരുന്നും വിപണിയിൽ ഇറക്കില്ലെന്നും, എസ്.എം.എ രോഗികൾക്കായി ഇനി വിദേശ നിർമ്മിത മരുന്നുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പകരം പരീക്ഷിച്ച് വിജയിച്ച നാർകോ ഫാർമയുടെ ഇന്ത്യൻ മരുന്ന് തന്നെ തുടർന്നും ഉപയോഗിക്കും. മരുന്നിലെ ‘ക്ലിനിക്കൽ ട്രയൽ’ എന്ന സ്റ്റിക്കർ എങ്ങനെ വന്നുവെന്ന് പരിശോധിക്കും. ജനങ്ങൾക്ക് സംശയം ഉണ്ടാകേണ്ട എന്ന് കരുതി മാത്രമാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മരുന്നിന്റെ ഗുണങ്ങളെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ ചില മാധ്യമങ്ങളാണ് അനാവശ്യ ആശങ്കകൾ സൃഷ്ടിച്ചത്. ഇതിന് പിന്നിൽ ചില വിദേശ കമ്പനികളുടെ ഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. താൻ ഒരു ഡോക്ടറല്ലെങ്കിലും വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ഡോക്ടർമാർ അവരുമായി നേരിട്ട് സംസാരിക്കും.
മരുന്ന് വിവാദത്തിൽ സർക്കാരിനെതിരെ രംഗത്തുവന്ന മുൻ ആരോഗ്യമന്ത്രിമാരെയും കെ. മുരളീധരൻ രൂക്ഷമായി പരിഹസിച്ചു. അവർ വനിതകളായതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും, സ്വന്തം പാർട്ടിക്കാർ തന്നെ ‘എക്സ്പയറി’ ആയി എന്ന് പറഞ്ഞ് മാറ്റിനിർത്തിയവരാണ് തനിക്കെതിരെ ഇപ്പോൾ ഒന്നിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക വെച്ചുമറക്കുന്ന ഏർപ്പാട് തന്റെ കാലത്ത് ഉണ്ടാകില്ല. കുട്ടികൾക്ക് മികച്ച മരുന്ന് നൽകാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യമേഖലയിൽ നടന്ന അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.




+ There are no comments
Add yours