പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് ഡയറ്റുകളിൽ ഡെപ്യൂട്ടേഷൻ അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം; നടപടി തടഞ്ഞ് കോടതി

Estimated read time 1 min read

കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ, സംസ്ഥാനത്തെ ഡയറ്റുകളിൽ (DIET) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഉൾപ്പെടെ ഇതിനെതിരെ നിരവധി ഹർജികൾ നിലനിൽക്കുമ്പോഴാണ് റാങ്ക് ഹോൾഡർമാരുടെ അവസരം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഈ നടപടി.

കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടേഷൻകാർക്ക് അനുകൂലമായ നിലപാടെടുക്കുന്നതിനായി ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഉത്തരവ് ‘ട്വന്റിഫോർ’ വാർത്താചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചതോടെ ഈ മാസം 27 വരെ ഉത്തരവിറക്കുന്നത് കോടതി വിലക്കി. ഈ വിധി വന്നതിന് പിന്നാലെ, 28-ാം തീയതി ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടേഷൻകാർക്ക് പുതിയ നോട്ടീസ് നൽകിയിരിക്കുകയാണ്.

നിലവിൽ ഡെപ്യൂട്ടേഷനിലുള്ള 44 പേരെ സ്ഥിരപ്പെടുത്തിയാൽ അവർക്ക് അതിവേഗം സീനിയർ ലക്ചറർമാരായി സ്ഥാനക്കയറ്റം ലഭിക്കും. കൂടാതെ, 2018 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക നൽകേണ്ടി വരുന്നത് ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതേ രീതിയിൽ ഡെപ്യൂട്ടേഷൻകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

+ There are no comments

Add yours