കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുൻപ് വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുഖ്യപ്രതി സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ജോയലിന്റെ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ കണ്ടെടുത്തത്. അപകടം നടക്കുന്നതിന് വെറും അഞ്ച് സെക്കൻഡ് മുൻപ് പകർത്തിയ വീഡിയോയിൽ സ്പീഡോ മീറ്ററിലെ വേഗത വ്യക്തമായി കാണാം.
അതേസമയം, അപകടസമയത്തെ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നതിനായി വാഹനത്തിന്റെ ഇ.ഡി.ആർ (Event Data Recorder) ജർമ്മനിയിലുള്ള ബി.എം.ഡബ്ല്യു ആസ്ഥാനത്തേക്ക് അയക്കും. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പ്രകാരം അവിടുത്തെ വിദഗ്ധർ പരിശോധിച്ച ശേഷം മാത്രമേ പൊലീസിന് വിവരങ്ങൾ കൈമാറുകയുള്ളൂ. ഇത് സാങ്കേതിക വിവരങ്ങൾ ലഭ്യമാകുന്നത് വൈകാൻ കാരണമാകും.
അതിനിടെ, കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിനെ സമീപിച്ചു. അഡ്വ. ജോൺ എസ്. റാൽഫിനെ ഈ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യം തേടിയിട്ടുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നിലവിലെ നീക്കം.
ഒക്ടോബർ 11-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്. കേസിൽ 19-കാരനായ സുഹൈൽ സജീവിനെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.




+ There are no comments
Add yours