എം.വി.ഡി ഉദ്യോഗസ്ഥരുടെ എതിർപ്പിന് പിന്നാലെ നടപടി; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി, ഡി. ബാലമുരളിക്ക് അധിക ചുമതല

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് അവർക്ക് പുതിയ നിയമനം നൽകിയിരിക്കുന്നത്. എന്നാൽ വ്യോമയാനം, മെട്രോ റെയിൽവേ തുടങ്ങിയ വകുപ്പുകളുടെ ചുമതലകളിൽ അവർ തുടർന്നും പ്രവർത്തിക്കും.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ഡി. ബാലമുരളിക്ക് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. അദ്ദേഹം നിലവിലെ സ്ഥാനത്തും തുടരും. ഇതിന് പുറമെ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഷർമിള മേരി ജോസഫിനെ സിവിൽ സപ്ലൈസിന്റെ അധിക ചുമതലയിൽനിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിലെ (എം.വി.ഡി) ഉദ്യോഗസ്ഥരുടെ സംഘടനകൾ ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉയർന്നതിന് പിന്നാലെയാണ് ഗതാഗത വകുപ്പിൽ നിർണ്ണായക മാറ്റം വരുത്തിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം.

+ There are no comments

Add yours