രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറി’ൽ അദ്ദേഹത്തിന്റെ കൊച്ചുമകനായി വേഷമിട്ട് പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമാണ് ഋത്വിക് ജ്യോതി രാജ്. മികച്ച അഭിനയത്തിലൂടെ തിയേറ്ററുകളിൽ കൈയടി നേടിയ ഈ പതിമൂന്നുകാരൻ സിനിമയ്ക്ക് പുറത്ത് ലക്ഷങ്ങൾ വരുമാനമുള്ള ഒരു യുവസംരംഭകൻ കൂടിയാണ്.
കോഡിങ്ങിനോടും റോബോട്ടിക്സിനോടുമുള്ള കടുത്ത താല്പര്യമാണ് ഋത്വിക്കിനെ ബിസിനസ് രംഗത്തേക്ക് നയിച്ചത്. കൂട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ച് ബോറടിച്ചപ്പോഴാണ് സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങുക എന്ന ആശയം മനസ്സിൽ വന്നതെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. പൈത്തൺ പ്രോഗ്രാമിങ്ങും റോബോട്ടുകളെ നിർമ്മിക്കാനും ഋത്വിക്കിനറിയാം. തനിക്ക് അറിയാവുന്ന കോഡിങ് വിവരങ്ങൾ പ്രായോഗികമായി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി സംരംഭം ആരംഭിച്ചത്. അഞ്ച് പേർ അടങ്ങുന്നതാണ് ഋത്വിക്കിന്റെ കമ്പനിയുടെ പ്രധാന സംഘം. സ്വന്തം വെബ്സൈറ്റ് വഴി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് പുറമെ മറ്റ് ചില കോഴ്സുകളും ഇവർ നൽകുന്നുണ്ട്.
കോയമ്പത്തൂർ സ്വദേശിയായ ഋത്വിക് യൂട്യൂബ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായ താരം കാർത്തിയുടെ ‘സർദാർ’, ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ജയിലറിന്റെ രണ്ട് ഭാഗങ്ങളിലും വേഷമിട്ടിട്ടുള്ള ഈ കൊച്ചുമിടുക്കൻ അഭിനയത്തോടൊപ്പം തന്നെ തന്റെ സംരംഭകത്വ സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്.




+ There are no comments
Add yours