മുംബൈ: ‘കംപ്ലീറ്റ് ആക്ടർ’ എന്നറിയപ്പെടുന്ന നടൻ ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ വന്നതോടെ തെന്നിന്ത്യൻ താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരൺ’ ഷോയ്ക്കിടെ ഇരുവരും നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്ന പേരുകൾ പറഞ്ഞുകൊണ്ട് അവർ ആരാണെന്ന് കണ്ടെത്താനായിരുന്നു കരൺ ജോഹർ താരങ്ങളോട് ആവശ്യപ്പെട്ടത്. ‘ഐക്കൺ സ്റ്റാർ’, ‘റോക്കിങ് സ്റ്റാർ’ എന്നിവ യഥാക്രമം അല്ലു അർജുൻ, യഷ് എന്നിവരാണെന്ന് രശ്മിക കൃത്യമായി മറുപടി നൽകി. എന്നാൽ ‘കംപ്ലീറ്റ് ആക്ടർ’ ആരാണെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. ഇതിനിടെ തമാശരൂപേണ ‘ഞാൻ’ എന്ന് വിജയ് ദേവരകൊണ്ട മറുപടി നൽകിയതും വലിയ പരിഹാസങ്ങൾക്ക് കാരണമായി.
തുടർന്ന് ആ വിശേഷണം മോഹൻലാലിന്റേതാണെന്ന് കരൺ ജോഹർ വ്യക്തമാക്കിയപ്പോൾ ‘മോഹൻലാൽ സാറോ’ എന്നായിരുന്നു ഇരുവരുടെയും അതിശയത്തോടെയുള്ള മറുപടി. കഴിഞ്ഞ ഫെബ്രുവരി 26-ന് വിവാഹിതരായ ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘രണബാലി’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ഷോയിൽ പങ്കെടുത്തത്. താരങ്ങളുടെ ഈ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സിനിമാപ്രേമികളിൽ നിന്നും ഉയരുന്നത്.




+ There are no comments
Add yours