എസ്.എം.എ മരുന്ന് വിവാദം: യു.ഡി.എഫ് സർക്കാരിന്റേത് പൊതുജനാരോഗ്യത്തെ തകർക്കുന്ന നടപടി; മരുന്നിന്റെ എല്ലാ ബാച്ചുകളും പരിശോധിക്കണമെന്ന് കെ.കെ ശൈലജ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിവാദമായ എസ്.എം.എ മരുന്നിന്റെ എല്ലാ ബാച്ചുകളും പരിശോധിക്കണമെന്നും, ഇതിന്റെ ബയോ ഇക്വലൻസ് ടെസ്റ്റ് കൃത്യമായി നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുൻ ആരോഗ്യമന്ത്രിമാരായ പി.കെ ശ്രീമതി, വീണാ ജോർജ് എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് കെ.കെ ശൈലജ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ലോകത്തിന് തന്നെ മാതൃകയായ ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. വിലക്കുറവുണ്ടെന്ന് കരുതി പുതിയ മരുന്നുകൾ രോഗികളിൽ പരീക്ഷിച്ച് നോക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാകില്ല. വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും കർശനമായി ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ടാസ്ക് ഫോഴ്സിനെയും കെ.കെ ശൈലജ വിമർശിച്ചു. കേരളത്തിൽ സമർത്ഥരായ നിരവധി വിദഗ്ധർ ഉണ്ടായിരിക്കെ, സ്വകാര്യ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചതിന്റെ സാഹചര്യം പരിശോധിക്കണം. ഉത്തർപ്രദേശിൽ അഴിമതി ആരോപണം നേരിട്ട വ്യക്തി വരെ ഈ സമിതിയിലുണ്ടെന്നും അവർ ആരോപിച്ചു. ശക്തമായ പൊതുജനാരോഗ്യ ശൃംഖലയുള്ള കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക കൊണ്ടുവരേണ്ട ആവശ്യമില്ല. ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് പഠിക്കാൻ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തുന്നത് ദുരൂഹമാണ്. വളരെ വേഗം സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമിടുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശൈലജ ടീച്ചർ മുന്നറിയിപ്പ് നൽകി.

+ There are no comments

Add yours