മുംബൈ: സിനിമകളിൽ അമിതമായി ഗ്ലാമർ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിൽ തനിക്ക് ഒട്ടും താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ‘കോഫി വിത്ത് കരൺ സീസൺ 9’-ൽ അതിഥിയായി എത്തിയപ്പോഴാണ് കമേഴ്സ്യൽ സിനിമകളിൽ അഭിനയിക്കുമ്പോൾ താൻ കാത്തുസൂക്ഷിക്കുന്ന അതിരുകളെക്കുറിച്ച് താരം മനസ്സുതുറന്നത്. വസ്ത്രധാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അത് തുറന്നുപറയാൻ അഭിനേതാക്കൾ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
ചില കഥാപാത്രങ്ങൾക്ക് ബിക്കിനി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ആവശ്യമായി വന്നേക്കാം. എന്നാൽ അമിതമായ ശരീരപ്രദർശനത്തിന് താൻ തയ്യാറല്ലെന്ന് നടി വ്യക്തമാക്കി. “അത്തരം വസ്ത്രങ്ങൾ ധരിക്കാൻ എനിക്ക് തീരെ താല്പര്യമില്ല. കമേഴ്സ്യൽ സിനിമകളിൽ അഭിനയിക്കുമ്പോൾ പലപ്പോഴും പൂർണ്ണമായി താല്പര്യമില്ലാത്ത വസ്ത്രങ്ങൾ ധരിക്കേണ്ടി വരാറുണ്ട്. എന്നാൽ അവിടെയും എനിക്ക് എന്റേതായ ചില പരിധികളുണ്ട്. എന്റെ ഈ നിലപാടുകൾ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകർക്കൊപ്പം പ്രവർത്തിക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്,” രശ്മിക പറഞ്ഞു.
സിനിമകളിൽ കരാർ ഒപ്പിട്ടതിന് ശേഷം ഇത്തരം കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചർച്ചയിൽ ഇരുവരും ചൂണ്ടിക്കാട്ടി. പലപ്പോഴും സംവിധായകരോട് ‘നോ’ പറയാൻ തനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും, ആ സമയങ്ങളിൽ വിജയോട് സംസാരിച്ചാണ് അതിനുള്ള ധൈര്യം സംഭരിക്കാറുള്ളതെന്നും രശ്മിക കൂട്ടിച്ചേർത്തു. അതേസമയം, ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കാനോ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനോ വിസമ്മതിക്കുന്നതിന്റെ പേരിൽ അഭിനേതാക്കളെ പ്രൊഫഷണലല്ലെന്ന് മുദ്രകുത്താൻ പാടില്ലെന്നും, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കി.




+ There are no comments
Add yours