തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരും. തിങ്കളാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
തുടർച്ചയായ മഴ പലയിടത്തും നാശനഷ്ടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായി. തിരുവനന്തപുരം പാറശാലയിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാൽ, തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലോടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പരശുറാം എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയാകും സർവീസ് നടത്തുക.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനിടെ, എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 കന്നുകാലികൾ കൂട്ടത്തോടെ ചത്തു. ബുധനാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിലും മിന്നലിലുമാണ് തോട്ടത്തിനുള്ളിൽ നിന്നിരുന്ന നാല് മൂരികളും എട്ട് പശുക്കളും ചത്തത്.




+ There are no comments
Add yours