ന്യൂഡൽഹി: ഇന്ത്യയും പോളണ്ടും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാൻ സുപ്രധാന ധാരണയായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉഭയകക്ഷി ബന്ധത്തിൽ വലിയ മുന്നേറ്റം കൈവരിക്കാനായെന്നും, മാനവികതയുടെയും കാരുണ്യത്തിന്റെയും പങ്കിട്ട പാരമ്പര്യമാണ് ഈ സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം എന്നീ നിർണ്ണായക മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇതിന് പുറമെ സംസ്കാരം, വിദ്യാഭ്യാസം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കും. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ഇരുരാജ്യങ്ങളും ആഗോള ഭരണസംവിധാനങ്ങളിൽ കാലികമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പ്രതികരിച്ചു. ആഗോളതലത്തിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്. പോളണ്ടിലെ ചരിത്രപ്രസിദ്ധമായ അഹിംസാധിഷ്ഠിത ‘സോളിഡാരിറ്റി പ്രസ്ഥാനത്തിന്’ പ്രചോദനമായത് ഇന്ത്യൻ പാരമ്പര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമാണെന്നും അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് പറയുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഡൊണാൾഡ് ടസ്ക് കൂട്ടിച്ചേർത്തു.




+ There are no comments
Add yours