കാസർഗോഡ്: കെ.പി.സി.സിയുടെ പരസ്യപ്രതികരണ വിലക്ക് ലംഘിച്ച മുതിർന്ന നേതാവ് കെ. സുധാകരനും ജെബി മേത്തർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. വിലക്ക് ലംഘിച്ചവർക്കെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളവർ ഈ വിലക്ക് മാനിക്കണോ എന്ന് തീരുമാനിക്കുകയെന്നും, നടപടി ഉണ്ടായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റിയത് ഇന്നലെയല്ല. നീരസം പ്രകടിപ്പിക്കാൻ ഇതിനുമുൻപ് നിരവധി അവസരങ്ങളുണ്ടായിട്ടും ഇപ്പോൾ എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ഭരണം ലഭിച്ച് കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണം. മുൻകാലങ്ങളിൽ മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർ പാർട്ടി കാര്യങ്ങളിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെന്നും, ജെബി മേത്തറിന് ഇതിനായി പ്രത്യേക അധികാരമുണ്ടോയെന്ന് അറിയില്ലെന്നും ഉണ്ണിത്താൻ ചോദിച്ചു. മറ്റുള്ളവരുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടെന്നും, നടപടി ഉണ്ടായില്ലെങ്കിൽ എന്ത് വിലകൊടുത്തും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെക്കുറിച്ച് കോൺഗ്രസിന് കൃത്യമായ ധാരണയുണ്ട്. അവർ കോൺഗ്രസ് ദേശീയ നേതാക്കളെ അകാരണമായി അപമാനിച്ചവരാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് അവസാനിച്ചിട്ടില്ലെന്നും, നിലവിൽ സുപ്രീംകോടതി നൽകിയത് താൽക്കാലിക ആശ്വാസം മാത്രമാണെന്നും കേസ് നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.




+ There are no comments
Add yours