‘പ്രായ വ്യത്യാസമുണ്ടെന്നറിയാം, എന്നാലും ക്രഷ് തോന്നിയിട്ടുള്ളത് ആ ഒരേയൊരു നടനോട് മാത്രം’; മോഹൻലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

Estimated read time 1 min read

സിനിമാലോകത്ത് തനിക്ക് ക്രഷ് തോന്നിയിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ മാത്രമാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം അനുപമ പരമേശ്വരൻ. തങ്ങൾക്കിടയിൽ വലിയ പ്രായവ്യത്യാസമുണ്ടെന്നറിയാമെന്നും, എങ്കിലും അദ്ദേഹത്തോട് വലിയ ആരാധനയാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.

തന്റെ അമ്മയും ഇളയ സഹോദരനും കടുത്ത മോഹൻലാൽ ആരാധകരാണെന്ന് അനുപമ പറയുന്നു. സ്വന്തം ചേച്ചിയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനേക്കാൾ കൂടുതൽ സഹോദരൻ തനിക്ക് അയച്ചുതരുന്നത് മോഹൻലാലിന്റെ വീഡിയോകളും റീലുകളുമാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും നടി കൂട്ടിച്ചേർത്തു. ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തിയ ‘ക്രേസി കല്യാണം’ എന്ന തെലുങ്ക് കോമഡി ചിത്രത്തിലാണ് അനുപമ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

അതേസമയം, തന്റെ പുതിയ മലയാള ചിത്രമായ ‘ഓപ്പറേഷൻ ഗംഗ’യിൽ പ്രശസ്ത ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ട്രിപ്പിൾസ് ഗെറ്റോ കിഡ്‌സ് ഭാഗമാകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1997-ൽ പുറത്തിറങ്ങിയ ‘വർണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ഒക്കേല ഒക്കേല’ എന്ന പാട്ടിന് ഈ സംഘം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

+ There are no comments

Add yours