പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് ഹർത്താൽ; പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ പ്രതിഷേധിച്ച്

Estimated read time 1 min read

പത്തനംതിട്ട: പരിസ്ഥിതിലോല മേഖല (ബഫർസോൺ) കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. കരടുവിജ്ഞാപനത്തിൽ നിന്ന് ഈ ഏഴ് വില്ലേജുകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താൽ നടക്കുക. കേന്ദ്ര സർക്കാർ ഏഴാം തവണ പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് പരാതി അറിയിക്കാൻ സെപ്റ്റംബർ 25 വരെ സമയമുണ്ടായിട്ടും ജില്ലയിലെ ഒരു വില്ലേജിനെപ്പോലും സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നില്ല. ഈ നടപടി പത്തനംതിട്ട ജില്ലയോടുള്ള കൊടുംചതിയാണെന്ന് രാജു എബ്രഹാം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ഹർത്താലിനെ എതിർക്കുന്ന റാന്നി എം.എൽ.എയുടെ നിലപാടിനെയും രാജു എബ്രഹാം വിമർശിച്ചു. ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ എം.എൽ.എ ഉദ്ദേശിക്കുന്നതെന്നും, അദ്ദേഹം എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നതെന്ന് അറിയില്ലെന്നും രാജു എബ്രഹാം ചോദിച്ചു. എന്നാൽ, എൽ.ഡി.എഫ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനുള്ള നാടകമാണെന്നാണ് പഴകുളം മധു പ്രതികരിച്ചത്.

+ There are no comments

Add yours