ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് നൽകിയില്ല; വിമാനയാത്രയ്ക്കിടെ യുവതി മൂന്ന് മണിക്കൂർ പൊട്ടിക്കരഞ്ഞെന്ന് ട്രാവൽ ബ്ലോഗർ; വീഡിയോ വൈറൽ

Estimated read time 0 min read

വിമാനയാത്രയ്ക്കിടെ ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് മാറിനൽകണമെന്ന യാത്രക്കാരിയുടെ ആവശ്യം നിരസിച്ച അമേരിക്കൻ ട്രാവൽ ബ്ലോഗറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കൻ ട്രാവൽ ബ്ലോഗറായ ടോമിക്കോ ഹാർവിയാണ് ഇസ്താംബൂളിൽ നിന്ന് വാഷിങ്ടൺ ഡി.സിയിലേക്കുള്ള പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കിടെയുണ്ടായ ഈ രസകരമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഭർത്താവിന്റെ തോളിൽ തലചായ്ച്ച് വിശ്രമിക്കണമെന്നും, അതിനാൽ രണ്ട് വരി മുന്നിലുള്ള തൻ്റെ സീറ്റിലേക്ക് മാറിനൽകണമെന്നുമായിരുന്നു യുവതി ഹാർവിയോട് ആവശ്യപ്പെട്ടത്. എന്നാൽ താൻ മുൻകൂട്ടി പണം നൽകി തിരഞ്ഞെടുത്ത സീറ്റ് വിട്ടുനൽകാൻ ഹാർവി തയ്യാറായില്ല. ഇതോടെ യുവതി വിമാനത്തിൽ മൂന്ന് മണിക്കൂറോളം നിർത്താതെ കരയുകയായിരുന്നു. ഇതിന്റെ വീഡിയോയും ഹാർവി തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഒരുമിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അടുത്തടുത്ത സീറ്റുകൾ ബുക്ക് ചെയ്യണമെന്നാണ് ഹാർവിയുടെ നിലപാട്. മറ്റുള്ളവർ ബുക്ക് ചെയ്ത സീറ്റുകൾ വിട്ടുനൽകാൻ യാത്രക്കാരെ വൈകാരികമായി നിർബന്ധിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വീഡിയോ വൈറലായതോടെ ഹാർവിയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഒരുമിച്ചിരിക്കണമെങ്കിൽ ദമ്പതികൾ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യണമായിരുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതോടെ വിമാനയാത്രയ്ക്കിടെ മറ്റുള്ളവരോട് സീറ്റ് മാറാൻ ആവശ്യപ്പെടുന്നതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് സമൂഹമാധ്യമങ്ങൾ വഴിവെച്ചിരിക്കുന്നത്.

+ There are no comments

Add yours