ഏദൻ: പോരാട്ടം രൂക്ഷമായ യെമനിൽ സഖ്യസേനയ്ക്ക് നേരെ ഹൂതി വിമതരുടെ കനത്ത ആക്രമണം. ഏദൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സൗദി സഖ്യസേനയുടെ ബദർ ക്യാമ്പിന് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇതിന് പുറമെ കിഴക്കൻ യെമനിലെ റയാൻ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി.
അതേസമയം, സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച അഞ്ച് സായുധ ഡ്രോണുകളാണ് വ്യോമസേന തകർത്തത്. പുലർച്ചെ മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്ക് വന്ന നാല് ഡ്രോണുകൾ തകർത്തതിന് പിന്നാലെ കിഴക്കൻ മേഖലയിലേക്ക് വന്ന മറ്റൊരു ഡ്രോണും സേന നശിപ്പിച്ചു. ആക്രമണങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറബ് സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക് അറിയിച്ചു.
കഴിഞ്ഞ ദിവസം റിയാദിലേക്ക് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിച്ച ലോഞ്ചർ സഖ്യസേന കണ്ടെത്തി തകർത്തിരുന്നു. റിയാദിലേക്കുള്ള ആക്രമണത്തിന് പിന്നാലെ ഈ ലോഞ്ചർ കൃത്യമായി പിന്തുടർന്ന് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടിട്ടുണ്ട്. സൗദി അറേബ്യക്ക് നേരെയുണ്ടാകുന്ന ഏത് തരം സുരക്ഷാ ഭീഷണികളെയും ശക്തമായി നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.




+ There are no comments
Add yours