ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി; ചിത്രങ്ങൾ ആയുധമാക്കി പ്രതിപക്ഷം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

Estimated read time 0 min read

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിയുടെ മുൻ വാദങ്ങൾ പൊളിഞ്ഞെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. എങ്ങനെയുള്ള ആളുകളെയാണ് പ്രധാനമന്ത്രി തന്റെ ചുറ്റും ഇരുത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി സംഘത്തിനൊപ്പമാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രിയായ ഹർദീപ് സിംഗ് പുരി നേരത്തെ നൽകിയ വിശദീകരണം. എന്നാൽ, അമേരിക്കൻ നീതിന്യായ വകുപ്പ് ഇപ്പോൾ പുറത്തുവിട്ട പത്തോളം ചിത്രങ്ങളിൽ പുരിയും എപ്സ്റ്റീനും മാത്രമാണുള്ളത്. ഇതോടെ പ്രതിനിധി സംഘത്തിനൊപ്പമാണ് എപ്സ്റ്റീനെ കണ്ടതെന്ന മന്ത്രിയുടെ വാദം കള്ളമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചു. കൂടെയുണ്ടായിരുന്നവരെ മേശയ്ക്കടിയിൽ ഒളിപ്പിച്ചോ എന്നും മഹുവ പരിഹസിച്ചു.

എപ്സ്റ്റീൻ കുറ്റകൃത്യങ്ങൾ നടത്തിയ അതേ മുറിയിൽ വെച്ചാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നതെന്നും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ലൈംഗിക കുറ്റവാളിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൗനം പാലിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഈ സർക്കാരിൽ നിന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പുതിയ ചിത്രങ്ങൾ പുറത്തുവന്നിട്ടും ഹർദീപ് സിംഗ് പുരിയോ ബി.ജെ.പിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

+ There are no comments

Add yours