ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാതാവ്; ദൃശ്യങ്ങൾ പുറത്ത്, നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

Estimated read time 1 min read

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ട് വയസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നീക്കങ്ങൾക്ക് തിരിച്ചടി. കുഞ്ഞിനെ വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ കടുത്ത നിലപാടാണ് തുടർനടപടികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനിടെ, കുട്ടികളെ ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ താര ഭീഷണിപ്പെടുത്തുന്നതിന്റെ പഴയ ദൃശ്യങ്ങളും പുറത്തുവന്നു. മകൻ മരിക്കുന്നതിന് ഒരാഴ്ച മുൻപുള്ള ദൃശ്യങ്ങളാണിത്. ഗാന്ധിഭവനിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരികെ കൊണ്ടുപോകാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു മാതാവിന്റെ ഭീഷണി.

രാജേഷ് – താര ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെടുകയും, മറ്റ് കുട്ടികളെ ഇവർ കൃത്യമായി പരിചരിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയതായി ജനിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാൽ ഇതിന് മാതാവിന്റെ സമ്മതം അനിവാര്യമാണ്. കഴിഞ്ഞ ദിവസം സി.ഡബ്ല്യു.സി അധികൃതർ താരയുമായി സംസാരിച്ചെങ്കിലും കുഞ്ഞിനെ നൽകാൻ അവർ വിസമ്മതിക്കുകയായിരുന്നു. കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് ഇവർ അധികൃതർക്ക് മുന്നിൽ വെച്ചത്.

മാതാവ് വിസമ്മതം അറിയിച്ചതോടെ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഇടക്കാല ഉത്തരവ് (ഇന്ററിം ഓർഡർ) വാങ്ങാനുള്ള നിയമസാധ്യതകളാണ് സി.ഡബ്ല്യു.സി ഇപ്പോൾ തേടുന്നത്. അതേസമയം, രണ്ട് വയസുകാരനായ മകൻ മരിച്ച വിവരം ഇന്നലെ അധികൃതർ അറിയിച്ചിട്ടും അമ്മയിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ താരയ്ക്ക് ഉടൻ തന്നെ വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

+ There are no comments

Add yours