ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കഴിഞ്ഞ ഏഴ് ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇരുവരുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്.
നേരത്തെ ഇരുവരും ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രതികൾ നേരത്തെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസമാധാനവും സുരക്ഷയും മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കാൻ വിസമ്മതിച്ചതോടെ ഇരുവരും ഹർജി പിൻവലിക്കുകയായിരുന്നു.
വിലക്ക് ലംഘിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികളെ ആദ്യം അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ, പ്രതികൾ നേരത്തെ ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവ്വം ലംഘിക്കുകയും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.




+ There are no comments
Add yours