തിരുവനന്തപുരം: കോവളത്തെ അനധികൃത സ്പാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പീഡനക്കേസിൽ പ്രതിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കുരുക്കായത് ഡിജിറ്റൽ പണമിടപാടുകളിലെ നിർണ്ണായക തെളിവുകൾ. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കഴിഞ്ഞ മൂന്ന് മാസത്തോളമായി ദിവസേന പതിനായിരത്തിലധികം രൂപ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സ്പാകളുടെ മറവിൽ വൻ സാമ്പത്തിക ഇടപാടുകളാണ് നടന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനിടെ, കേസിന്റെ പശ്ചാത്തലത്തിൽ കോവളത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന 14 സ്പാകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ജോലിയിലൂടെ ലഭിച്ച സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ചാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നത്. കേസിൽ ഉൾപ്പെട്ട ‘ഡ്രീം സ്പാ’ തുടങ്ങാൻ നിഷാന്തിനെ പ്രേരിപ്പിച്ചതും പുറത്തുനിന്ന് പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചുനൽകിയതും അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടുതൽ സ്പാകളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്പായിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ ഇടപാടുകാരുടെ ഫോൺ നമ്പറുകൾ, ജി-പേ വിവരങ്ങൾ, കഴിഞ്ഞ രണ്ടാഴ്ചത്തെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ വിശദമായ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതിയായ നഗരസഭാ ജീവനക്കാരനെ വെറുതെ സസ്പെൻഡ് ചെയ്ത നടപടി മാത്രം പോരെന്നും, അയാളെ സർവ്വീസിൽ നിന്ന് പൂർണ്ണമായി പുറത്താക്കണമെന്നും എസ്.പി ദീപക് ആവശ്യപ്പെട്ടു. ഇത്തരം അനധികൃത ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയും പ്രതികൾക്ക് സംരക്ഷണം നൽകുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. ബിനാമിയായി പ്രവർത്തിക്കാൻ ഈ ജീവനക്കാരന് ആരുടെയൊക്കെയോ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന കാര്യം ഗൗരവമായി അന്വേഷിക്കണം. ജീവനക്കാരനെതിരെ പോക്സോ കേസ് ഉൾപ്പെടെ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




+ There are no comments
Add yours