എളുപ്പത്തിന് പിന്നാലെ പോയി പണിവാങ്ങരുത്; ദോശമാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

Estimated read time 1 min read

തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ എളുപ്പവഴികൾ തേടുന്നവരാണ് മിക്കവരും. ഇതിന്റെ ഭാഗമായി അപ്പത്തിനോ ദോശയ്ക്കോ ഉള്ള മാവ് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം ഭൂരിഭാഗം വീടുകളിലുമുണ്ട്. എന്നാൽ, വേണ്ടത്ര ശ്രദ്ധയില്ലാതെ മാവ് സൂക്ഷിക്കുന്ന ഈ ശീലം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.

മുൻകാലങ്ങളിൽ വീടുകളിൽ തന്നെ മാവ് തയ്യാറാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് കടകളിൽ നിന്ന് പാക്കറ്റ് മാവ് വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതലും. ഇത്തരം മാവുകൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

  • എപ്പോഴും വായു കടക്കാത്ത (Airtight) അടപ്പുള്ള പാത്രങ്ങളിൽ വേണം മാവ് അടച്ചു സൂക്ഷിക്കാൻ.
  • വലിയ പാത്രത്തിൽ നിന്ന് ഓരോ തവണയും മാവ് മുഴുവനായി പുറത്തെടുക്കുന്നതിന് പകരം, ആവശ്യത്തിന് മാത്രമുള്ള മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുത്ത് ഉപയോഗിക്കുക.
  • ഫ്രിഡ്ജിലെ താപനില കൃത്യമായി 4 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ ആണെന്ന് ഉറപ്പുവരുത്തുക.
  • മാവ് കോരിയെടുക്കാൻ എപ്പോഴും വൃത്തിയുള്ളതും ഈർപ്പമില്ലാത്തതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക.

ഒരാഴ്ചത്തേക്ക് മുഴുവൻ ആവശ്യമായ മാവ് ഒരേ പാത്രത്തിൽ സൂക്ഷിച്ച് ദിവസവും തുറന്ന് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. പകരം, രണ്ട് മുതൽ മൂന്ന് ദിവസത്തേക്ക് ആവശ്യമായ അളവുകളാക്കി ചെറിയ പാത്രങ്ങളിൽ മാറ്റി സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. കൂടാതെ, ഫ്രിഡ്ജ് സൗകര്യമില്ലാത്ത സാഹചര്യങ്ങളിൽ പാക്കറ്റ് ദോശമാവ് മുറിയിലെ സാധാരണ താപനിലയിൽ ദിവസങ്ങളോളം വെച്ചിരുന്ന് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.

+ There are no comments

Add yours