കൊല്ലം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ പുതുതായി അനുവദിച്ച വിസ്റ്റാഡോം ലക്ഷ്വറി കോച്ചിനെച്ചൊല്ലി യു.ഡി.എഫ് എം.പിമാർക്കിടയിൽ അവകാശപ്പോര്. തന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ‘നിവേദനം നൽകിയാൽ മാത്രം പോരെന്നും ഫോളോ അപ്പ് വേണമെന്നും’ പറഞ്ഞ് കൊടിക്കുന്നിലിന്റെ പി.എ അബ്ദുള്ള ആസാദ് എൻ.കെ പ്രേമചന്ദ്രനെ പരിഹസിച്ചതോടെയാണ് വിവാദം രൂക്ഷമായത്. ഇതിന് പിന്നാലെ മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ വാർത്താസമ്മേളനം വിളിച്ചു.
രാജ്യത്ത് ആദ്യമായി വിസ്റ്റാഡോം കോച്ചുകൾ അനുവദിച്ച സമയത്ത് തന്നെ താൻ ഈ ആവശ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നതായി എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. 2017-18 കാലയളവിലാണ് താൻ സർവീസ് ആവശ്യപ്പെട്ടതെന്നും 2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. താൻ ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ഇതിൽ യാതൊരു അവകാശത്തർക്കത്തിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പരിശ്രമിച്ച എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും, കൊടിക്കുന്നിൽ സുരേഷ് അറിഞ്ഞിട്ടാണോ അദ്ദേഹത്തിന്റെ പി.എ ഇത്തരം പരിഹാസ പരാമർശങ്ങൾ നടത്തുന്നതെന്നും പ്രേമചന്ദ്രൻ ചോദിച്ചു. കേരളത്തിന്റെ, പ്രത്യേകിച്ച് കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വിസ്റ്റാഡോം കോച്ചിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 22 മുതലാണ് മധുര-ഗുരുവായൂർ എക്സ്പ്രസിൽ (നമ്പർ: 16327) വിസ്റ്റാഡോം കോച്ച് സർവീസ് ആരംഭിക്കുന്നത്. മധുരയിൽ നിന്ന് പുറപ്പെട്ട് പുനലൂർ, കൊട്ടാരക്കര വഴി പുലർച്ചെ 2.30-നാണ് ട്രെയിൻ ഗുരുവായൂരിലെത്തുക. തിരികെ ഗുരുവായൂരിൽ നിന്ന് രാവിലെ 5.50-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.10-ന് മധുരയിലെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ കേരളത്തിന് വിസ്റ്റാഡോം കോച്ച് അനുവദിച്ചിരിക്കുന്നത്.




+ There are no comments
Add yours