കോട്ടയം: പാമ്പാടിക്ക് സമീപം പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനി ആഷ്‌ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നുവന്ന സി.എം.എസ് ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസ് ദേഹത്തുകൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഇരുവരും തൽക്ഷണം തന്നെ മരിച്ചു.
അതേസമയം, അപകടത്തിന് കാരണമായ ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കൂടാതെ, പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ബസ് അപകടസ്ഥലത്തുനിന്നും മാറ്റിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടകാരണവും നാട്ടുകാരുടെ പരാതികളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.




+ There are no comments
Add yours