ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ്: അക്രമികൾ ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

Estimated read time 1 min read

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അക്രമികളുടെ ആദ്യ ലക്ഷ്യം സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. മുംബൈയിലെത്തിയ പ്രതികൾ സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ള ‘വൈ-പ്ലസ്’ സുരക്ഷയും ശക്തമായ പോലീസ് കാവലും കാരണം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് താരതമ്യേന സുരക്ഷ കുറഞ്ഞ, ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായെത്താറുള്ള ടൈഗർ ഷ്റോഫിനെ ഇവർ ലക്ഷ്യമിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ എത്തിച്ചുനൽകിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഹരിയാനയിലെ സോനിപ്പത്തിൽ നിന്നും അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട ഈ സ്ത്രീകൾ വഴിയാണ് ഹരിയാനയിൽ നിന്നും മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലോറൻസ് ബിഷ്ണോയിയുടെയും സഹോദരൻ അൻമോലിന്റെയും അടുത്ത അനുയായിയും നിലവിൽ അമേരിക്കയിലുള്ളതുമായ രൺദീപ് മാലിക്കിന്റെ കേസിലെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും മുഖ്യ ഷൂട്ടറായ റഹാനും പ്രവർത്തിച്ചത് രൺദീപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

+ There are no comments

Add yours