ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ താര. മകൻ മരിച്ച വിവരം അധികൃതർ അറിയിച്ചിട്ടും അമ്മയിൽ യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. കുട്ടിയെ വിട്ടുനൽകാൻ അമ്മ തയ്യാറാകാത്തത് ശിശുക്ഷേമ സമിതിയുടെ തുടർനടപടികളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
രാജേഷ് – താര ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെടുകയും, മറ്റ് കുട്ടികളെ ഇവർ കൃത്യമായി പരിചരിക്കുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. കുട്ടിയെ ഏറ്റെടുക്കാൻ അമ്മയുടെ സമ്മതം അനിവാര്യമാണ്. ഇതിനായി ഇന്നലെ സി.ഡബ്ല്യു.സി അധികൃതർ താരയുമായി സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല. കുട്ടിയെ വിട്ടുതരില്ലെന്നും കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങണമെന്നുമുള്ള താരയുടെ ആവശ്യത്തെ സമിതി ശക്തമായി എതിർത്തു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഇടക്കാല ഉത്തരവ് (ഇന്ററിം ഓർഡർ) ഇറക്കാനുള്ള നിയമസാധ്യതകളാണ് സി.ഡബ്ല്യു.സി ഇപ്പോൾ പരിശോധിക്കുന്നത്. സ്വന്തം കുഞ്ഞ് മരിച്ച വിവരമറിഞ്ഞിട്ടും പ്രതികരിക്കാത്ത മാനസികാവസ്ഥയിലുള്ള താരയ്ക്ക് ഉടൻ തന്നെ വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.




+ There are no comments
Add yours