‘മേജർ രവിയെ ട്രോളുന്നവർ ഈ ചരിത്രം കൂടി അറിയണം’; ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി വൈറൽ കുറിപ്പ്

Estimated read time 1 min read

കൊച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ താൻ പദ്ധതിയിട്ടിരുന്നെന്നും കോവിഡ് വ്യാപനത്തെ തുടർന്ന് അത് നടക്കാതെ പോയെന്നും മേജർ രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും ട്രോളുകളുമാണ് അദ്ദേഹത്തിന് നേരെ ഉയർന്നത്. പട്ടാളക്കാരന്റെ തള്ളാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവർക്കിടയിൽ മേജർ രവിയെ പിന്തുണച്ചുകൊണ്ടുള്ള ഫേവർ ഫ്രാൻസിസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാൻ എൻ.എസ്.ജി കമാൻഡോ ആയിരുന്ന മേജർ രവി നടത്തിയ നിർണ്ണായക നീക്കങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് കുറിപ്പ്.

രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തെ ആസ്പദമാക്കി നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത ‘ദി ഹണ്ട്’ (The Hunt) എന്ന വെബ് സീരീസിലെ ധീരനായ മലയാളി സൈനികന്റെ യഥാർത്ഥ മാതൃക മേജർ രവിയാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധിയുടെ ഘാതകനായ ഒറ്റക്കണ്ണൻ ശിവരശനെ പിടികൂടാനുള്ള ‘ഓപ്പറേഷൻ വൺ ഐഡ് ജാക്ക്’ (Operation One Eyed Jack) നയിക്കാൻ എൻ.എസ്.ജിയിൽ (NSG) നിന്നും നിയോഗിക്കപ്പെട്ടത് അന്നത്തെ ക്യാപ്റ്റൻ എ.കെ. രവീന്ദ്രൻ എന്ന മേജർ രവിയായിരുന്നു. ശിവരശൻ ഒളിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് നിർഭയം ഒറ്റയ്ക്ക് കയറിച്ചെല്ലുന്ന ഈ ധീരനായ ഓഫീസറെ സോണി ലിവിലെ സീരീസിൽ അവതരിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ്യ മിത്ര എഴുതിയ ‘The True Story of the Hunt for Rajiv Gandhi’s Assassins’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. ഇതേ അന്വേഷണത്തിന്റെ കഥയാണ് പിന്നീട് ‘മിഷൻ 90 ഡേയ്സ്’ എന്ന പേരിൽ മേജർ രവി സിനിമയാക്കിയതെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

മേജർ രവിയുടെ രാഷ്ട്രീയത്തോടും സിനിമകളോടും വിയോജിപ്പുണ്ടാകാമെങ്കിലും, രാജ്യം കണ്ട ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് മുന്നിൽ നിന്ന് നയിച്ച ഒരു സൈനികൻ തന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അതിനെ വെറും തള്ളായി തള്ളിക്കളയാനാകില്ലെന്ന് ഫേവർ ഫ്രാൻസിസ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. നാം അനുഭവിച്ചിട്ടില്ലാത്തതോ അറിഞ്ഞിട്ടില്ലാത്തതോ ആയ കാര്യങ്ങളെ ഒറ്റയടിക്ക് പരിഹസിച്ച് റദ്ദാക്കിക്കളയുന്നതിന് മുമ്പ് ഇത്തരം ചരിത്രങ്ങൾ കൂടി മനസിലാക്കാൻ ശ്രമിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

+ There are no comments

Add yours