ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. അതേസമയം, കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി സ്റ്റേ ചെയ്തിട്ടില്ല.
കേസിൽ നിർബന്ധമായും പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. പരാതി ലഭിച്ച് ഒറ്റദിവസം കൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയെയും കോടതി വിമർശിച്ചു. ഹർജി വീണ്ടും ഹൈക്കോടതിയിലേക്ക് തന്നെ മടക്കി അയക്കുന്ന കാര്യവും സുപ്രീംകോടതി വാക്കാൽ പരാമർശിച്ചിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിണറായി വിജയന് നോട്ടീസ് നൽകിയിരുന്നു. ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് പരിഗണിച്ചായിരിക്കും ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ അദ്ദേഹം അന്തിമ തീരുമാനമെടുക്കുക. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന സി.പി.ഐ.എമ്മിന്റെ വാദത്തിന് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്.




+ There are no comments
Add yours