350 കോടിയുടെ സ്പർശ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: പരാതിക്കാരനെ ഉടമ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

Estimated read time 1 min read

കോഴിക്കോട്: വൻലാഭം വാഗ്ദാനം ചെയ്ത് ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ 350 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ‘സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഉടമ നിക്ഷേപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ ആർ.ആർ ആക്ഷൻ കമ്മിറ്റി പ്രസിഡന്റും കോഴിക്കോട് സ്വദേശിയുമായ സുനിൽ കുമാറിനാണ് ഉടമകളിൽ ഒരാളായ രാകേഷ് രവീന്ദ്രനിൽ നിന്ന് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിപ്പെടുത്തുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സുനിൽ കുമാർ വ്യക്തമാക്കി.

സ്പർശ ഗോൾഡ് ഉടമകളായ രാകേഷ് രവീന്ദ്രൻ, രജീഷ് രാജേന്ദ്രൻ എന്നിവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതിനോടകം മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകൾക്ക് പുറമെ തമിഴ്നാട്, കർണ്ണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമായി ആറായിരത്തോളം പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്.

ഭരണതലത്തിലെ ഉന്നതരുടെ സ്വാധീനം ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നതെന്ന് സുനിൽ കുമാർ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നിക്ഷേപകരെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. പ്രതികൾക്കെതിരെ ആഭ്യന്തരവകുപ്പ് അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതുകൊണ്ടാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്തതെന്നാണ് ജ്വല്ലറി ഉടമകൾ നൽകുന്ന വിശദീകരണം.

+ There are no comments

Add yours