‘സഭയിലെ പരാമർശം ജനീഷ് കുമാറിനെ ഉദ്ദേശിച്ചല്ല’; പരിവേഷ് പോർട്ടൽ വിവാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി ഷിബു ബേബി ജോൺ

Estimated read time 1 min read

ഗവി: നിയമസഭയിൽ പരിവേഷ് പോർട്ടലുമായി ബന്ധപ്പെട്ട് താൻ നടത്തിയ വിവാദ പരാമർശം കെ.യു. ജനീഷ് കുമാർ എം.എൽ.എയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വിശദീകരിച്ച് വനംമന്ത്രി ഷിബു ബേബി ജോൺ. ഗവി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി മുൻനിലപാടിൽ നിന്നും മലക്കംമറിഞ്ഞത്.

വന്യജീവി ആക്രമണം, ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം, കർഷകരുടെ വേലി പൊളിച്ചുനീക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പരിവേഷ് പോർട്ടലിനെക്കുറിച്ച് ധാരണയില്ലാത്തവരെ കാര്യം പറഞ്ഞ് മനസിലാക്കുന്നതിനേക്കാൾ എളുപ്പം ‘ആനയെയും കഴുതയെയും കുരങ്ങനെയും’ ബോധ്യപ്പെടുത്തുന്നതാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെ പ്രതിപക്ഷം സഭയിൽ വലിയ ബഹളമുണ്ടാക്കിയിരുന്നു. കൂടാതെ, സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതിനും ഇടുക്കി സി.പി.ഐ.എം നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനും പിന്നാലെയാണ് മന്ത്രിയുടെ നാടകീയമായ തിരുത്ത്.

സഭയിൽ താൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും, ‘ഒരു ജനപ്രതിനിധി ശ്രദ്ധയിൽപ്പെടുത്തി’ എന്ന് മാത്രമാണ് വ്യക്തമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. ജനപ്രതിനിധി എന്ന് പറയുമ്പോൾ അത് പഞ്ചായത്ത് അംഗം മുതൽ എം.പി വരെയാകാം. എന്നാൽ, അത് ജനീഷ് കുമാറാണെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വ്യാഖ്യാനിച്ചത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും തന്റെ പരാമർശങ്ങൾ ആർക്കെതിരെയുമുള്ള വ്യക്തിപരമായ ആക്രമണമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours