കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത; നിയമവിരുദ്ധ സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.ജി.പി.

കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടിയുണ്ടാകും. നിയമവിരുദ്ധ സ്പാകൾ കണ്ടെത്താനുള്ള പോലീസിന്റെ വ്യാപക പരിശോധന സംസ്ഥാനത്തൊട്ടാകെ ശക്തമായി തുടരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ആന്ധ്ര സ്വദേശിയായ പതിനാറുകാരിയെ കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുട്ടിയുടെ മാതൃസഹോദരിയാണ് ഇവരെ കേരളത്തിലെത്തിച്ച് ഏജന്റുമാർ മുഖേന വിൽപന നടത്തിയത്. തുടർന്ന് പത്തോളം സ്പാകളിൽ കുട്ടി പീഡനത്തിനിരയായി. പെൺകുട്ടിയെ ചൂഷണത്തിന് ഇരയാക്കിയ സമയങ്ങളിലെല്ലാം മാതൃസഹോദരി സ്പാ ഉടമകളിൽ നിന്ന് നിരന്തരം പണം കൈപ്പറ്റിയിരുന്നതിന്റെ നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

+ There are no comments

Add yours