ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിന് പുറമെ മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർ നൽകിയ ഹർജികളും പ്രത്യേക അവധിക്കാല ബെഞ്ചിന് മുന്നിലെത്തും. ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേസിൽ ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിർബന്ധിത നടപടികൾക്ക് സാധ്യതയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകൻ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, കേസിൽ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) പിണറായി വിജയന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതിനാൽ തന്നെ, സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് ഇ.ഡിക്ക് മുന്നിൽ അദ്ദേഹം ഹാജരാകുമോ എന്നതിൽ അതിനിർണ്ണായകമാകും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും, ഇതിൽ നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കിൽ കേസിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. ഇത് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി.




+ There are no comments
Add yours