ഹരിശ്രീ കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്; നാടെങ്ങും ഇന്ന് വിദ്യാരംഭം, നന്മയുടെ വിജയമായി വിജയദശമി ആഘോഷം

Estimated read time 1 min read

കുരുന്നുകൾ അക്ഷരമധുരം നുകർന്ന് അറിവിന്റെ വിശാലമായ ലോകത്തേക്ക് പിച്ചവെക്കുന്ന വിജയദശമി ദിനമാണ് ഇന്ന്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ വിപുലമായി നടക്കുകയാണ്. അക്ഷരങ്ങൾ കുറിക്കുന്നതിന് പുറമെ വാദ്യ-നൃത്ത-സംഗീതാദി കലകളിലേക്കും കുട്ടികൾ ഇന്ന് തങ്ങളുടെ ആദ്യ ചുവടുവെക്കുന്നുണ്ട്.

പ്രമുഖ എഴുത്തുകാരും സാംസ്കാരിക നായകരുമാണ് വിവിധ കേന്ദ്രങ്ങളിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരാൻ കാർമ്മികത്വം വഹിക്കുന്നത്. ദുർഗാഷ്ടമി നാളിൽ പൂജയ്ക്കുവെച്ച പുസ്തകങ്ങളും പണിയായുധങ്ങളും ഇന്നത്തെ പ്രത്യേക പൂജകൾക്ക് ശേഷം വീണ്ടും ഉപയോഗിച്ചു തുടങ്ങും.

തിന്മയ്ക്കുമേൽ നന്മ നേടിയ വലിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വിജയദശമി ആഘോഷം. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് ഈ ദിനം പ്രധാനമായും കൊണ്ടാടുന്നത്. അതേസമയം, ഉത്തരേന്ത്യയിൽ ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ആഘോഷം കൂടിയാണിത്.

+ There are no comments

Add yours