പ്രമേഹം പ്രായഭേദമന്യേ ആളുകളിൽ വ്യാപകമാകുന്നതിനിടെ, രോഗികളിലെ ഇൻസുലിൻ പ്രതിരോധത്തിന്റെ (Insulin Resistance) യഥാർത്ഥ കാരണം കണ്ടെത്തി ഗവേഷകർ. ഒക്ലഹോമ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, പേശികളിൽ കാണപ്പെടുന്ന ‘Miro1’ എന്ന പ്രോട്ടീനാണ് ഇൻസുലിൻ പ്രതിരോധത്തിന് പ്രധാന കാരണമായി മാറുന്നത്.
കോശങ്ങളിലെ ഊർജ്ജകേന്ദ്രമായ മൈറ്റോകോൺഡ്രിയയുടെ പുറംഭാഗത്ത് കാണപ്പെടുന്ന പ്രോട്ടീനാണ് Miro1. പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ആളുകളുടെ പേശികളിൽ ഈ പ്രോട്ടീൻ വലിയ തോതിൽ അടിഞ്ഞുകൂടുന്നതായി പഠനത്തിൽ കണ്ടെത്തി. മസിലുകളിൽ Miro1 അമിതമാകുമ്പോൾ, ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് പേശികൾ പ്രതികരിക്കാതാകും. ഇതോടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കും. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രോട്ടീൻ നീക്കം ചെയ്തപ്പോൾ പേശികൾ വീണ്ടും ഇൻസുലിനോട് കൃത്യമായി പ്രതികരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ചിട്ടയായ വ്യായാമത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്നും പഠനം വ്യക്തമാക്കുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരുടെ പേശികളിൽ Miro1 പ്രോട്ടീന്റെ അളവ് ഗണ്യമായി കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും കോശങ്ങളുടെ ഊർജ്ജോൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.




+ There are no comments
Add yours