‘ഡ്യൂപ്പല്ല, ഇറ്റ്സ് ഹിം’; ജയിലർ 2-വിലെ ആ കാർ സ്റ്റണ്ട് ചെയ്തത് മോഹൻലാൽ തന്നെയെന്ന് ആക്ഷൻ ഡയറക്ടർ

Estimated read time 1 min read

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തിയ ‘ജയിലർ 2’-വിൽ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിമാറ്റിയത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതിനിടെ ചിത്രത്തിലെ ശ്രദ്ധേയമായ ആക്ഷൻ രംഗത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ഷൻ ഡയറക്ടർ ചേതൻ. സിനിമയിലെ മാസ്സ് കാർ സ്റ്റണ്ട് ലാലേട്ടൻ തനിയെയാണോ അതോ ഡ്യൂപ്പിനെ ഉപയോഗിച്ചാണോ ചെയ്തതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘ഇറ്റ്സ് ഹിം’ (അത് അദ്ദേഹം തന്നെയാണ്) എന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ ചേതൻ മറുപടി നൽകിയത്. ചിത്രത്തിന്റെ ഛായാഗ്രഹകന് നന്ദി പറഞ്ഞുകൊണ്ട് ചേതൻ പങ്കുവെച്ച സ്റ്റോറിയ്ക്ക് താഴെയായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ സീനുകൾ വെട്ടിമാറ്റിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

രജനീകാന്ത് അവതരിപ്പിച്ച മുത്തുവേൽ പാണ്ഡ്യന്റെ സുഹൃത്തായ മാത്യു എന്ന കഥാപാത്രമായാണ് മോഹൻലാൽ ജയിലറിന്റെ രണ്ടു ഭാഗങ്ങളിലുമെത്തിയത്. ആദ്യഭാഗത്തിൽ ഒറ്റ സീൻ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിൽ കൂടുതൽ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക്, സീനുകൾ വെട്ടിമാറ്റിയത് വലിയ നിരാശയാണുണ്ടാക്കിയത്. നടന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റിന്റെ വെളിപ്പെടുത്തലോടെയാണ് സീനുകൾ ഒഴിവാക്കിയെന്ന വിവരം പുറത്തുവന്നതും വിവാദമായതും. അതേസമയം, മോഹൻലാലിന്റെ കൂടുതൽ സീനുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ സിനിമയുടെ താളം തെറ്റിയേനെ എന്നാണ് മറ്റൊരു വിഭാഗം സിനിമാസ്വാദകർ അഭിപ്രായപ്പെടുന്നത്.

+ There are no comments

Add yours